AmmaMalayalam (അമ്മ മലയാളം)-Kureepuzha Sreekumar

അമ്മ മലയാളം-കുരീപ്പുഴ ശ്രീകുമാർ

Amma Malayalam-Kureepuzha Sreekumar

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ….
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ…..
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ…..
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം…..
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം…..
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി….
തേകുവാന്‍, ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം….
അന്യമായ് പോകുന്ന ജീവമലയാളം….
ഓര്‍ക്കുക, അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം…
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം….
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം….
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം….
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം….
പുള്ളുവന്‍, വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം….
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,…
ഓണമലയാളത്തെ എന്തുചെയ്തു….
ഓമല്‍മലയാളത്തെ എന്തുചെയ്തു….

Amma Malayalam By Kureepuzha Sreekumar

Amma Malayalam, Kureepuzha Sreekumar
അമ്മ മലയാളം, കുരീപ്പുഴ ശ്രീകുമാർ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.