Agnipooja (അഗ്നിപൂജ) – Ayyappa Paniker

അഗ്നിപൂജ – അയ്യപ്പപ്പണിക്കര്‍

Agnipooja – Ayyappa Paniker

Agnipooja By Ayyappa Paniker

ആദിരാവിന്റെയനാദിപ്രകൃതിയി-
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ

സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ
വീരരസത്തെപ്പകർന്നു കൊടുക്കയാൽ
തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന
വൻകഴുകന്റെ ചിറകടിയേല്ക്കിലും
ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-
ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ

അഗ്നിസ്ഫുലിംഗമെ, നിന്നെ പ്രതീക്ഷിച്ചു
നിൽക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകൾ
തങ്ങളിലുള്ള ജലാംശമൊരു ചുടു-
കണ്ണുനീരാവിയായ്‌ വിണ്ണിനു നല്കിയും
പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ
തുന്നിവയ്ക്കുന്നതും നിൻ കരുണാമൃതം

പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം
വൻ ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും
നന്മയും തിന്മയും സ്നേഹമോഹങ്ങളും
ഒന്നായുറയുന്ന മഞ്ഞുകാലത്തിലും
വൻതപം ചെയ്തമരത്വം ലഭിക്കുന്ന
സഞ്ചിതപുണ്യപരിപാകമഗ്നി നീ

എന്നയലത്തെപ്പടിപ്പുര കാത്തിടു-
മെണ്ണവിളക്കിൻ തിരിയുടെ നാമ്പിലായ്‌
മഞ്ഞിൻ കുളിർമയുമോർമതൻ തുമ്പിലെ
മന്ദസ്മിതവുമായ്‌ നിൽക്കും വെളിച്ചമേ,
ആ വെളിച്ചത്തിന്റെ നേരിയ സൗഹൃദ-
മാധുരിയൂറിവരുന്നതുമഗ്നി നീ
കണ്ണുനീർ ദീർഘനിശ്വാസമായ്‌ മാറ്റിയും
കാളമേഘത്തെക്കടലാക്കിമാറ്റിയും
കല്ലും മലകളും കല്ലോലമാക്കിയും
കാലപ്രവാഹകളഗീതി പാടിയും
ഉദ്രസമാസ്മരവിദ്യുല്ലതികപോൽ
കത്തിനിൽക്കുന്ന മഹാശക്തിയാണു നീ

പണ്ടുകാലത്തു മറന്നിട്ടു പോന്നോരു
സംഹാരരാക്ഷസശക്തിശാപങ്ങളെ
ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-
ജന്മത്തിനുഗ്രവിപത്തായ്‌ വരുന്ന നീ
കണ്ണിമയ്ക്കുന്നതിൻ മുൻപിലീ വിശ്വങ്ങൾ
വെണ്ണീറിടുമണുസ്ഫോടനമായിടാം

ഖാണ്ഡവമെത്ര ദഹിച്ചു നീ, കൗരവ-
പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ
സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളും-
മാര്യപുരാതനത്വത്തിൽ ഹോമിച്ചു നീ
മായാവിവശതമായവ, പിന്നെയു-
മോരോതരം പുനഃസൃഷ്ടി മോഹിക്കയാം

ആൺമയിൽപ്പീലിയിൽ മാരിവിൽ ചാർത്തി നീ
ആൺകുയിൽ കണ്ഠം പ്രണയാർദ്രമാക്കി നീ
അന്തിവിൺമുറ്റത്തൊരായിരം കൈത്തിരി-
ത്തുമ്പും നനച്ചുകൊളുത്തി നിരത്തി നീ
ഇന്നെനിക്കോജസ്സുതന്നു നീ,യെന്റെയി-
പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ

പുറ്റിനകത്തെ രസതന്ത്രവിദ്യയാൽ
ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും
ദുഷ്ടപൂർവങ്ങളല്ലാത്തോരനുഭവ-
സിദ്ധികൾ മുക്കുവക്ടാത്തനു നല്കിയും
സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു
വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ

ആദിരേതസ്സാ,യനാദ്യന്തവീചിയായ്‌
പ്രാചിപ്രതീചിപ്രണയപ്രതീകമായ്‌
ഈറ്ററതൊട്ടു ചുടലക്കളംവരെ-
ക്കൂട്ടുമറുക്കാതെയെന്നിഷ്ടതോഴനായ്
എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന
ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ..

Aadiravinte, Agnipooja,
Ayyappa Paniker, ayyappa panikkar

‘Agni Pooja’ Malayalam Poem By Ayyappa Panikkar

Ayyappapanikar അയ്യപ്പപ്പണിക്കര്‍

Ayyappa Panikkar kavithakal
അയ്യപ്പപ്പണിക്കർ കവിതകൾ

ayyappapanikkar, ayyappapanikkar kavithakal

അഗ്നിപൂജ അയ്യപ്പപ്പണിക്കർ കവിതകൾ ആദിരാവിന്റെയനാദിപ്രകൃതിയിലാ,
അയ്യപ്പപ്പണിക്കര്‍


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.