Ente Danthagopurathilekku Oru Kshanakathu (എന്റെ ദന്ത ഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്) – Vayalar

എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് – വയലാര്‍

Ente Danthagopurathilekku Oru Kshanakathu – Vayalar Ramavarma

ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ് മാറാനല്ല
മൗനത്തെ മഹാശബ്ദമാക്കുവാൻ
നിശ്ചഞ്ചല ധ്യാനത്തെ
ചലനമായ് ശക്തിയായുണർത്തുവാൻ
അന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽ
പ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്
വിശ്വരൂപങ്ങൾ തീർക്കാൻ
അവയും ഞാനും തമ്മിലൊന്നാവാൻ
യുഗചക്രഭ്രമണ പഥങ്ങളിൽ
ഉഷസ്സായ് നൃത്തം വെയ്ക്കാൻ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ്
മനസ്സിൻ സർഗ്ഗധ്യാനം
ഉടവാളുരുക്കി ഞാൻ വീണ തീർത്തത്
നാട്ടിലുറക്കു പാട്ടും പാടി സഞ്ചരിയ്ക്കുവാനല്ല
കാറ്റടിച്ചിളക്കുന്ന കാലത്തിൻ ധീരസ്വരം
മാറ്റത്തിൻ രാഗം താനം പല്ലവിയാക്കാനല്ലോ
മനുഷ്യ മസ്തിഷ്ക്കത്തോടല്ല,
മാംസത്തോടല്ല,
മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂ
പടവാളിനേക്കാളും വീണയ്ക്കേ
വൈകാരിക പരിവർത്തനങ്ങളെ
മനസ്സിൽ തീർക്കാനാവൂ
നാലുകെട്ടുകൾക്കുള്ളിൽ
പൂർവ്വികരുടെ പടവാളിനു
പൂവർച്ചിച്ച പൂണൂലിനു പാരമ്പര്യം
അവയോടൊപ്പം വലിച്ചെറിഞ്ഞ്
മനുഷ്യന്റെ കവിയായ്
ദശാബ്ദങ്ങൾ പിന്നിട്ടു വരുന്നു ഞാൻ
ഉടഞ്ഞു കിടക്കുന്ന വിഗ്രഹങ്ങളെ
മണ്ണോടിഞ്ഞു തകരുന്ന
ഞാനെന്ന ഭാവങ്ങളെ
നഗ്നപാദനായ് പിന്നിട്ടെത്തി ഞാൻ
ആത്മാവിലെ ഭദ്രദീപത്തിൻ
പട്ടുനൂൽ തിരികെടുത്താതെ.
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നപ്പോൾ
ശബ്ദമുണ്ടാക്കി നിങ്ങൾ
ദന്തഗോപുരമെന്നു പേരിട്ടു
രക്തത്തിന്റെ ഗന്ധമുള്ളൊരി
കൊച്ചു വാത്മീകത്തിനു നിങ്ങൾ
മൺകുടങ്ങളിൽ ഭൂതത്തന്മാരെ
അടയ്ക്കുന്ന മന്ത്രശക്തിയുമായ്
കാലത്തിൻ കടൽകരയ്ക്ക്
കല്ലെറിഞ്ഞുടയ്ക്കുവാൻ
വന്നു നിൽക്കുന്നു
ശൈലിവല്ലഭന്മാരാം നിങ്ങൾ
പൊയ്മുഖങ്ങളുമായ്.
എറിഞ്ഞാലുടയില്ല
മന്ത്രാസ്ത്രനിര വാരിചുരഞ്ഞാൽ മുറിയില്ല
ഈ മൺപുറ്റിൻ രോമം പോലും
അറിയില്ലെങ്കിൽ ചെന്നു ചോദിയ്ക്കൂ
മനസ്സിലെ മറവിയുറയ്ക്കിയ
മൗനത്തിനോടെന്നെ പറ്റി
അനുഭൂതികൾ വന്നു
വിരൽതൊട്ടുണർത്തുമ്പോൾ
അവയോടൻവേഷിയ്ക്കൂ കവിയാം എന്നെ പറ്റി
അകത്തെ ചിപ്പിയ്ക്കുള്ളിൽ
സ്വപ്നത്തിൻ മുത്തുണ്ടെങ്കിൽ
അതിനോടൻവേഷിച്ചാൽ അറിയാം എന്നെ പറ്റി
നാളെത്തെ പ്രഭാതത്തിൻ
സിന്ദൂരാരുണ ജ്വാലാനാളങ്ങൾ പറയും
ഈ തീയിന്റെ ഇതിഹാസം
വിരിയും വൈശാഖത്തിൻ
പത്മരാഗങ്ങൾ നാളെ പറയും
ഈ പൂവിന്റെ ഇതിഹാസം
ചോദിയ്ക്കാൻ, അറിയുവാൻ മടിയാണെങ്കിൽ
നിങ്ങളീ ദിനരാത്രങ്ങൾതൻ
വെളിച്ചങ്ങളിലൂടെ നഗ്നപാദരായ്
എന്റെ ദന്തഗോപുരത്തിലേയ്ക്കെത്തുക
വരവേൽക്കാൻ വാതിൽക്കലുണ്ടാകും ഞാൻ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ് മാറാനല്ല!

Njan Ente Vaalmeekathil, Vayalar Ramavarma
ഞാനെന്റെ വാത്മീകത്തിൽ, വയലാര്‍ രാമവർമ്മ
Ente Danthagopurathilekku Oru Kshanakathu, Vayalar Ramavarma
എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്, എഴുതിയത് വയലാർ രാമവർമ്മ
Ente Danthagopurathilekku Oru Kshanakathu By Vayalar Ramavarma

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.