2021 ആഗസ്റ്റ് 29
ഇന്ന് ദേശീയ കായിക ദിനം. ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ഇന്ത്യയിൽ കായിക ദിനമായി ആചരിക്കുന്നത്.
ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ വനിത ടേബിൾ ടെന്നിസിൽ ഭവിനബെൻ പട്ടേൽ ഫൈനലിൽ എത്തിയതോടെ ഇന്ത്യയ്ക്ക് മെഡൽ ഉറച്ചു. ഞായറാഴ്ച ചൈനയുടെ സൗയിങിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് സ്വർണം നേടാം പരാജയപ്പെട്ടാൽ വെള്ളി ലഭിക്കും.
കോവിഡ് രോഗികൾ കൂടുന്നതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. രാത്രി പത്തു മുതൽ രാവിലെ ആറുവരെ നിയന്ത്രണമുണ്ടാകും.
കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ.
24 മണിക്കൂറിനിടെ ഒരുകോടിയിലധികം പേരാണ് വാക്സിൻ സ്വീകരിച്ചത്.
കേരള സർവകലാശാലക്ക് വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ പേര് നൽകണമെന്നും സംസ്ഥാനത്ത് സ്വാമിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നും മന്നം സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.
വനിതാ മത്സ്യവിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കെ എസ് ആർ ടി സിയുമായി സഹകരിച്ച് ആരംഭിച്ച ‘സമുദ്ര’ സൗജന്യ ബസ് സർവ്വീസിന് തുടക്കം കുറിച്ചു.