Krishna Nee Enne Ariyilla (കൃഷ്ണാ നീയെന്നെ അറിയില്ല) – Sugathakumari

കൃഷ്ണാ നീയെന്നെയറിയില്ല – സുഗതകുമാരി

Krishna neeyenne ariyilla – Sugathakumari

ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ചനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട്
ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു
പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍തന്‍
ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല
പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നടനമാടിത്തളര്‍ന്നംഗങ്ങള്‍
തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം
കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ചത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍
ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല

പോരു വസന്തമായ്‌ പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു
തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വ
ച്ചാത്മാവ് കൂടിയര്‍ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
രഥചക്രഘോഷം കുളമ്പൊച്ച
ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന
തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു

ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ
ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു

കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ.

കൃഷ്ണാ നീയെന്നെ അറിയില്ല- സുഗതകുമാരി

Krishna neeyenne ariyilla – Sugathakumari

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.